Sunday, April 27, 2008

ഇനിയൊരു പ്രേത കഥ

പ്രീ ഡിഗ്രി വരെ കണക്കിന് 100 ഇല്‍ 100 മാര്‍ക്ക്‌ വാങ്ങിയിരുന്ന ഞാന്‍ b-tech ഒന്നാം വര്ഷം കണക്കിന് തോറ്റു. കണ്ടു കണ്ടങ്ങിരിക്കും ജനത്തിന്റെ തണ്ടെല്ലോടിക്കുന്നതും ഭവാന്‍ !!! 2001 ഇലെ ഒരു മഴക്കാലം , 3 ആം സെമസ്റ്റര്‍ ഇന്റെ സ്റ്റഡി ലീവ്‌ ആണ് . ആ സമയത്താണ് 1 ആം സെമസ്റ്റര്‍ ഇന്റെ സപ്പ്ളി പരൂക്ഷ . ഒരു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു ബൈക്കും എടുത്തു ഹോസ്റ്റല്‍ ഇലേക്കു തിരിച്ചു . പോകുന്ന വഴിയില്‍ തന്നെ ഒരു honey bee പൈന്റും മേടിച്ചു . 4 മണിയോടെ ഹോസ്റ്റല്‍ എന്ന് വിളിക്കുന്ന , 2 നില വീട്ടില്‍ എത്തി . ആരും വന്നിട്ടില്ല , ആരെങ്ങിലും വരുമോ ആവോ . കണക്കു സപ്പ്ളി ഉള്ളവര്‍ കുറവാണ് ! താക്കോല്‍ ഇരിക്കുന്ന സ്ഥലത്തു നിന്നും താക്കോല്‍ എടുത്തു വീട് തുറന്നു . പഴയ ഒരു സിനിമ മംഗളം തപ്പി എടുത്തു വായന തുടങ്ങി . 5 മണിയോടെ സന്ദീപ്‌ എത്തി . ഭാഗ്യം , ഒരു honey bee അവനും മേടിച്ചിട്ടുണ്ട് . പുറത്തു മാരക മഴ . പ്ലാനിംഗ് പെട്ടെന്ന് കഴിഞ്ഞു . 9 മണി വരെ വെള്ളം അടിക്കുക്ക . 9 മുതല്‍ മുട്ടന്‍ പഠിത്തം . മഴ വെള്ളം കുപ്പിയില്‍ ശേഘരിച്ചു അടി തുടങ്ങി . വെട്ടം കണ്ടു വീട്ടില്‍ കയറിയ ഒരു അയല്‍വാസിയും കൂടി ചേര്ന്നു 2 കുപ്പി പെട്ടെന്ന് തീര്ന്നു . മഴയും തീര്ന്നു . പഠിക്കാന്‍ മൂഡും ഇല്ല . പെട്ടെന്ന് പ്ലാന്‍ മാറി . കോട്ടയത്ത്‌ പോയി "ലഗാന്‍" കാണുക . അടുത്ത ദിവസം രാവിലെ മുതല്‍ മുട്ടന്‍ പഠിത്തം . ബൈക്കും എടുത്തു നേരെ കോട്ടയം , പടം കണ്ടു ഇറങ്ങിയപ്പോള്‍ രാത്രി 12:30 . പെരു മഴ നനഞ്ഞു വരുന്ന വഴി തിരുവല്ല യില്‍ നിന്നും തട്ടും അടിച്ച് വീട്ടില്‍ എത്തിയപ്പോള്‍ 2 മണി ആയി . വീട്ടില്‍ കറന്റ് ഉം ഇല്ല . ബൈക്ക് ഒരു വിധത്തില്‍ മുറിക്കുള്ളില്‍ കയറ്റി . ഹെഡ് ല്യ്ട്ടിന്റെ വെളിച്ചത്തില്‍ ഒരു തോര്‍ത്തും , 2 കൈലിയും തപ്പി എടുത്തു . കൈലിയും ഉടുത്തു ഒരു കട്ടിലില്‍ ചുരുണ്ടു കൂടി . ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി

അര മണിക്കൂര്‍ തികച്ചും ഉറങ്ങി ഇല്ല , എന്തോ ഭയങ്കര ശബ്ദം കേട്ടു ഞങ്ങള്‍ 2 പേരും ഞെട്ടി ഉണര്‍ന്നു . ആരോ വാതില്‍ ചവിട്ടി പോളിക്കുന്നതായിട്ടു എനിക്കും , 2 ആം നിലയിലേക്ക് ആരോ സ്പീഡില്‍ ഓടിപോകുന്നതായി അവനും തോന്നി . തള്ളേ കലിപ്പ് , ഇനി വല്ല കള്ളന്മാരും ആണോ !!! 2 നില വീട് ഒക്കെ കണ്ടു , വല്ലതും തടയും എന്ന് കരുതി , പെരുമഴയത്ത് കയറിയ കള്ളന്മാര് വല്ലതും ആണെന്കില്‍ , നിരശബോധം കാരണം ഞങ്ങളെ രണ്ടിനെയും തട്ടും എന്ന് ഉറപ്പാ :-( ഒരു നേരത്തെ റേഷനരി മേടിക്കാന്‍ വകുപ്പുള്ള എന്തെങ്ങിലും ആ വീട്ടില്‍ ഉണ്ടോ എന്ന് ഞങ്ങള്‍ ചിന്തിച്ചു .. ഒന്നുമില്ലാ !! വീണ്ടും അതേ ശബ്ദം കേട്ടു .... കുടിച്ച കള്ളും , കഴിച്ച ദോശയും എല്ലാം ആവിയായി . അപ്പോളാണ് മുറിയില്‍ ബൈക്ക് ഇരിക്കുന്ന കാര്യം ഓര്‍ത്തത് . 44000 രൂപ കൊടുത്തു അച്ഛന്‍ മേടിച്ചു തന്ന hero honda splendor -- ധൈര്യം പെട്ടെന്ന് വീണ്ടു കിട്ടി ... തപ്പി തടഞ്ഞു ബൈക്ക് ഇരുന്ന മുറിയില്‍ പോയി , ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു വാതില്‍ ചെക്ക് ചെയ്തു ,,, കതകു അടഞ്ഞു തന്നെ കിടക്കുന്നു !!! ഈ കള്ളന്‍ എങ്ങിനെ അകത്തു കയറി ,,, എന്തായാലും ബൈക്ക് പൂട്ടി താക്കോല്‍ എടുത്തു വീണ്ടും ബെഡ് റൂം ഇല്‍ കയറി കുറ്റിയിട്ടു !!! വീണ്ടും അതേ ശബ്ദം -- അപ്പോള്‍ കള്ളന്മാര് അല്ല്ല ,,, ഇത്രയും ശബ്ദം ഉണ്ടാക്കിക്കൊണ്ട് കള്ളന്മാര്‍ വരില്ലാ --- അപ്പോള്‍ പിന്നെ ? അവന്‍ തന്നെ ! പ്രേതം ! നഷ്ട്ടപ്പെട്ട ധൈര്യം പതുക്കെ വീണ്ടു കിട്ടി ! ടെന്‍ഷന്‍ അടിച്ചിട്ടു കാര്യം ഇല്ല ! കള്ളന്മാര് ആയിരുന്നു എന്കില്‍ എന്ത് പറഞ്ഞു ഒഴിവാക്കണം എന്ന് ചിന്തിക്കാം ആയിരുന്നു , പ്രേതതിനോട് ഒക്കെ എന്ത് പറയാന്‍ ! എന്തായാലും വീട്ടില്‍ ഒരു പ്രേതം ഉള്ളപ്പോള്‍ ഉറങ്ങാന്‍ പറ്റില്ല . വേറെ എവിടെ എങ്കിലും പോകാം എന്ന് വച്ചാല്‍ പുറത്തു മാരക മഴ ! രണ്ടു പേരും ജനല്‍ക്കമ്പിയില്‍ പിടിച്ചു (ഇരുമ്പു പ്രേതത്തിനു പേടിയാ) , പഴയ പ്രേത കഥകള്‍ ഒക്കെ പറഞ്ഞു നേരം വെളുപ്പിക്കാന്‍ തീരുമാനിച്ചു . ഇടയ്ക്കെപ്പോഴോ ഉറങ്ങിയും പോയി .
ഉണര്‍ന്നപ്പോള്‍ 11 മണി ആയി . പുറത്തു പോയി food ഒക്കെ അടിച്ച് പഠിത്തം തുടങ്ങി . ഒരു 4 മണിയായപ്പോള്‍ വീണ്ടും മഴ തുടങ്ങി . അല്പ സമയത്തിന് ശേഷം അതാ വീണ്ടും അതേ ശബ്ദം . പ്രേതങ്ങള്‍ ഒക്കെ പകല്‍ വെളിച്ചത്തിലും ഇറങ്ങി നടക്കാന്‍ തുടങ്ങിയോ . അതും 2 ചെറുപ്പക്കാര്‍ മാത്രം ഉള്ള വീട്ടില്‍ . ഇത്തവണ പ്രേതത്തിനെ അങ്ങനെ വിടാന്‍ പറ്റില്ല .പപ്പടം കുത്തി , കറി കത്തി എന്നീ മാരക ആയുധങ്ങളും എടുത്തു ഞങ്ങള്‍ പ്രേത വേട്ട തുടങ്ങി . ശബ്ദം പുറപ്പെടുവിക്കുന്ന പ്രേതം ഒന്നാം നിലയില്‍ അല്ല എന്ന് മനസ്സിലായി . 2 ആം നിലയിലേക്ക് പതുക്കെ പതുക്കെ കയറി . അല്പ സമയത്തിന് ശേഷം ശബ്ദം രണ്ടാം നിലയില്‍ നിന്നു തന്നെയാ വരുന്നതു എന്ന് മനസ്സിലായി . പേടി കൂടി .. ഇനി ഇപ്പോള്‍ തപ്പാന്‍ terrace മാത്രമെ ഉള്ളു എന്ന സ്റ്റേജ് എത്തി . അവസാനം രണ്ടാം നിലയില്‍ നിന്നു terrace ഇലേക്കു തുറക്കുന്ന വാതില്‍ തുറന്നു നോക്കി ,,, അതാ ഞങ്ങളെ ഒരു രാത്രി മുഴുവന്‍ മുള്‍ മുനയില്‍ നിര്‍ത്തിയ പ്രേതം --- കരഞ്ഞു പോയി --
വീടിനോട്‌ ചേര്ന്നു ഒരു തെങ്ങ് നിന്നിരുന്നു . കാറ്റു അടിക്കുമ്പോള്‍ തെങ്ങ് ആടി വന്നു വീടിനിട്ടു ഇടിക്കും .. അതായിരുന്നു ഞങ്ങള്‍ കേട്ട ശബ്ദം . കുറച്ചു കരിക്ക് കട്ടു ഇട്ടു കുടിച്ചു എന്നല്ലാതെ ഒരു തെറ്റും ആ പ്രേത തെങ്ങിനോട്‌ ഞങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നില്ല !
വെള്ളപ്പൊക്കം കാരണം പരീക്ഷ മാറ്റി വച്ചില്ലയിരുന്നു എന്കില്‍ ഒരു തെങ്ങ് കാരണം കണക്കു പരീക്ഷക്ക്‌ തോറ്റ അവാര്‍ഡ് ഞങ്ങള്ക്ക് കിട്ടിയേനെ . കല്‍പ വൃക്ഷം എന്ന പേരു തെങ്ങിനും പോയേനെ !!

ചുമ്മാ ഒരു ടെസ്റ്റ് പോസ്റ്റ് !!!

ചുമ്മാ ഒരു ടെസ്റ്റ് പോസ്റ്റ് !!!

Monday, April 21, 2008

ആദ്യത്തെ വെള്ളമടി !

പ്രീ ഡിഗ്രി ഒന്നാം വര്ഷം , ഒന്നാം ദിവസം വെള്ളമടി തുടങ്ങിയ എന്റെ കൂട്ടുകാര്‍ കേള്‍ക്കാന്‍ പറയുകയാ , ഞാന്‍ ആദ്യമായി വെള്ളമടിച്ചത് 7 ആം ക്ലാസ്സ് ഇല്‍ വച്ചാണ് (ഭയാനകവും ബീഭല്സവും ആയ കാര്യങ്ങള്‍ വെട്ടി തുറന്നു , വെട്ടൊന്ന് മുറി രണ്ടു എന്ന രീതിയില്‍ പറയുന്നതു ആണ് എന്റെ ഒരു രീതി ) കൃത്യമായ ഡേറ്റ് വരെ ഞാന്‍ ഓര്‍ക്കുന്നുണ്ട് . 7 ആം ക്ലാസ്സിലെ ഓണപരീക്ഷയുടെ കണക്കിന്റെ മാര്‍ക്ക്‌ അറിഞ്ഞ ദിവസം . അന്ന് വരെ കണക്കിന് 100 % മാര്‍ക്ക്‌ മേടിച്ചിരുന്ന ആളാണ് ഞാന്‍ . അതിന് ശേഷവും . പ്രീ ഡിഗ്രി വരെ അത് തുടര്‍ന്നു -- സത്യം ആയിട്ടും -- എന്നെ ഒന്നു വിശ്വസിക്കൂ പ്ലീസ് !! അമ്മ കണക്കു ടീച്ചര്‍ ആയതിന്റെ ഒരു ദോഷം !!!! പക്ഷെ അന്ന് എനിക്ക് കിട്ടിയത് 50 ഇല്‍ 38 മാര്‍ക്ക്‌ . ചോദ്യ പേപ്പര്‍ ഇന്റെ നാലാം പുറത്തില്‍ 4 മാര്‍ക്കിന്റെ മൂന്നു ചോദ്യങ്ങള്‍ ഉണ്ടായിരുന്ന വിവരം ഞാന്‍ അറിഞ്ഞത് മാര്‍ക്ക്‌ കിട്ടി കഴിഞ്ഞാണ് . മാര്‍ക്ക്‌ കിട്ടിയ ഞാന്‍ തകര്ന്നു പോയി . ഇതു എങ്ങിനെ വീട്ടില്‍ പറയും ? ഓണവധിക്ക് നാട്ടില്‍ വന്ന അച്ഛനും സ്ഥലത്തു ഉണ്ട് . അടിയുടെ പൂരം പൊടി അരി കഞ്ഞി തന്നെ .... കഷ്ടപ്പെട്ടു പാടു പെട്ടു വീട്ടില്‍ എത്തി . അച്ഛനും അമ്മയും എവിടെയോ പോകാന്‍ ഒരുങ്ങി ഇരിക്കുന്നു ... ചെയ്യ് , അര മണിക്കൂര്‍ കഴിഞ്ഞു വന്നാല്‍ മതി ആയിരുന്നു :-( എന്നെ കണ്ടതും അമ്മ ഒറ്റ ചോദ്യം -- "കണക്കിന്നു 50 മാര്‍ക്ക്‌ ഇല്ലേ " കേന്ദ്ര സഹായം കിട്ടാത്തതിന്റെ കാര്യം പത്രക്കാരോട്‌ പറയുന്ന അച്ചു മാമയെ പോലെ ഞാന്‍ ബബബബ എന്തോ പറഞ്ഞു . അമ്മ എന്നോട് ഒന്നും പറഞ്ഞില്ല . നേരെ അച്ഛനോട് മോനേ വളര്‍ത്തണം എങ്കില്‍ ഗള്ഫ് ഇലെ ജോലി രാജി വച്ചു വീട്ടില്‍ വന്നിരിക്കാന്‍ ഒരു suggestion . ജോലി പോകുമോ എന്ന പേടിയില്‍ അച്ഛന്‍ എനിക്കിട്ടു നാല് തെറി . എന്നിട്ട് രണ്ടു പേരും ബൈക്കില്‍ കയറി ഒറ്റ പോക്ക് . നാല് അടി കിട്ടിയിരുന്നെന്കില്‍ ഇത്രയും വിഷമം ആകില്ലായിരുന്നു !!! പ്രതികാരം ചെയ്തേ പറ്റൂ . പക്ഷെ എങ്ങിനെ .. ഒരു പിടിയും കിട്ടുന്നില്ല !!! അച്ഛന്റെ ചെരിപ്പ് കാട്ടില്‍ എറിയുക , അമ്മയുടെ ചോറ്റു പാത്രം കിണറ്റില്‍ ഇടുക , അനിയന്റെ പെന്‍സില്‍ ഓടിച്ചു കളയുക , ഇതെല്ലം already പിടിക്കപ്പെട്ടു കഴിഞ്ഞതാണ് . അപ്പോഴാണ് അച്ഛന്റെ അലമാരിയില്‍ ഇരിക്കുന്ന Johny Walker Red label ഇന്റെ കാര്യം ഓര്‍മ വന്നത് (പേരു ഞാന്‍ പിന്നീട് പഠിച്ചതാ ) . ഹമ്പടാ ,, അത് തന്നെ !!! മനസ്സില്‍ പ്രതികാരം തോന്നിയാല്‍ പിന്നെ ചെയ്യുന്നത് എല്ലാം യാന്ത്രികം ആയിരിക്കും എല്ലോ !!! നേരെ പോയി അലമാര തുറന്നു , കുപ്പി തുറന്നു അന്നാക്കിലേക്ക് കമഴ്ത്തി .. ഇശ്വരാ...... വായിലൂടെ കുടലിലേക്ക് പഴുത്ത ഇരുമ്പു കമ്പി കൊണ്ടു കുത്തിയ ഒരു പ്രതീതി ... ഫ്രിഡ്ജ്‌ തുറന്നു 2 ഐസ് കട്ട എടുത്തു വിഴുങ്ങി . പതുക്കെ കട്ടിലില്‍ വന്നു കമന്നു കിടന്നു ,, അപ്പോള്‍ തന്നെ ബോധം പോയി (ഒറ്റ പെഗ് ഇല്‍ ! കഷ്ടം !) ഒരു മണിക്കൂര്‍ കഴിഞ്ഞു ആണ് ഉണര്‍ന്നത്‌ !!! ഭാഗ്യം ആരും എത്തിയിട്ടില്ല . ഓടി ചെന്നു ജോണി വാക്കര്‍ ഇനെ പഴയ സ്ഥാനത്ത് പ്രതിഷ്ടിച്ചു. മനസ്സില്‍ പ്രതികാരത്തിന്റെ കണിക പോലും ഇല്ല . വെള്ളമടിച്ചാല്‍ എല്ലാവരും മനശുദ്ധി ഉള്ള നല്ല മനുഷ്യര്‍ ആകും എന്ന പാഠം പഠിച്ചത് അന്നാണ് .. പിന്നീട് മനശുദ്ധി ഇല്ലാതെ 4 - 5 കൊല്ലം ജീവിച്ചു . ഇപ്പോള്‍ നല്ല മനശുദ്ധിയാ

Sunday, April 20, 2008

തെറ്റോ ശരിയോ

ജയേഷ്‌ ഇന് ദുബായില്‍ ജോലി കിട്ടി എന്ന് മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞാണ് അറിഞ്ഞത് . 9 വര്‍ഷത്തിനു മുന്പ് അവന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും അവന്‍ ആദ്യം അറിയിക്കുന്നത് എന്നെ ആയിരുന്നു . ഇന്നത്തെ ചിന്താവിഷയത്തിലെ മോഹന്‍ലാലിന്‍റെ പോളിസി ആണ് എനിക്കും , പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ക്കണം . പക്ഷെ ഇവിടെ ഒരു കുറ്റസമ്മതം പോലും എനിക്ക് നിഷേധിക്കപ്പെട്ടിരുന്നു . കുറ്റം ചെയ്തിട്ടില്ല എന്ന ചിന്തയില്‍ അധികം ശ്രമിച്ചിരുന്നില്ല എന്നും വേണമെങ്കില്‍ പറയാം :-(
ഞങ്ങള്‍ അയല്‍ക്കരായിരുന്നു , ഒന്നാം ക്ലാസ്സ് മുതല്‍ ഒന്നിച്ചാണ് പഠിച്ചിരുന്നത് . പ്രീ ഡിഗ്രി ക്കും ഒരേ കോളേജ് ഇല്‍ ഒരേ ഹോസ്റ്റല്‍ ഇല്‍ അഡ്മിഷന്‍ കിട്ടി . ആദ്യ വര്‍ഷം വളരെ കൂളായി പോയി . 2 ആം വര്‍ഷം ആണ് ആ സംഭവം ഉണ്ടാകുന്നത് . ഒരു പരീക്ഷക്കാലം , രാത്രി 11 മണിക്ക് ജയെഷും അവന്റെ അടുത്ത റൂമിലെ ഒരു bengali യും കൂടി വാക്കു തര്‍ക്കത്തില്‍ തുടങ്ങി , അടിപിടിയും തെറിവിളിയ്യും ആയി . പാതി രാത്രിയില്‍ ഹിന്ദി തെറി വിളി കെട്ട് പഠിച്ചു കൊണ്ടിരുന്നവരും ഉറങ്ങിക്കിടന്നവരും എല്ലാം ഉണര്‍ന്നു . കഷ്ടകാലത്തിനു warden അച്ഛനും . വാര്‍ടെനച്ചന്റെ മുറി തുറക്കുന്ന ശബ്ദം കേട്ടതും കളിക്കാരും കാണികളും എല്ലാം ബാക്ക് to പവലിയന്‍ . കൈലി ഉടുത്തു കതകു തുറന്ന അച്ഛന്‍ പെട്ടെന്ന് കതകു അടച്ചു . എല്ലാം ശാന്തം . പക്ഷെ ളോഹ ഇട്ടു വീണ്ടും ആ കതകു തുറന്നപ്പോള്‍ എല്ലാവര്‍ക്കും മനസ്സില്ലായി -- പണി പാളി ... വെളുത്ത ളോഹ യിലെ ആ കറുത്ത മനുഷ്യന്‍ താഴെ വന്നു 2 താരങ്ങളെയും വിളിച്ചു 4 ഇംഗ്ലീഷ് വാചകങ്ങള്‍ . "Pack your stuff . This is the last day for you in this college. I will inform your parents in the morning . Either you can wait till tomorrow evening for them or leave the place in the morning" . ആ കോളേജ് ഇന്റെ പാരമ്പര്യം വച്ചു അര്‍ദ്ധ രാത്രിയില്‍ അടിപിടി കൂടുന്നവര്‍ക്ക് കിട്ടേണ്ട ശിക്ഷ തന്നെ . എല്ലാവരും തിരികെ പോയി . ഞാന്‍ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു . നാട്ടിലെ വലിയ കുടുംബം ആണ് ജയെഷിന്റെ . അച്ചന് central govt ഇല്‍ ജോലി , അമ്മ high school teacher . 2 ചേട്ടന്മാരും വലിയ നിലയില്‍ . നാട്ടില്‍ നല്ല നിലയും വിലയും ഉള്ള കുടുംബം . ഇളയ മകന്‍ കോളേജ് ഇല്‍ നിന്നും suspend ചെയ്യപ്പെട്ടു എന്ന് അറിഞ്ഞാല്‍ ... വിദ്യഭ്യാസം ഉള്ള വീട്ടുകാര്‍ അത് ക്ഷമിക്കും , പക്ഷെ നാട്ടുകാര്‍ .... 2 പേരെയും കൂട്ടി അച്ഛന്റെ മുന്നില്‍ ചെന്നു ഒരു അപ്പോളജി പിടിപ്പിക്കാന്‍ പറഞ്ഞാലോ ? , വലിയ പ്രതീക്ഷ ഒന്നും ഇല്ല , എന്നാലും ഒന്നു ശ്രമിക്കുക തന്നെ ... bengaali യുടെ മുറിയില്‍ ലൈറ്റ് ഇല്ല . ഞാന്‍ പാതിയെ വാതിലില്‍ മുട്ടി . അല്പ സമയത്തിന് ശേഷം കതകു തുറക്കപെട്ടു . "kya plan he bhai ?" -- ഉത്തരം -- " will pack in the morning and go .. let me sleep now " കതകു അടക്കപ്പെട്ടു. നല്ല മനുഷ്യന്‍ . ജയെഷിന്റെ മുറിയില്‍ ലൈറ്റ് ഉണ്ട് . വാതിലില്‍ മുട്ടി , കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവന്‍ വാതില്‍ തുറന്നു . മുങ്ങി ചാകുന്നവന്റെ അവസാന പിടി വള്ളി എന്ന പോലെ അച്ഛനെ പോയി കണ്ടു കാല് പിടിക്കാനുള്ള എന്റെ ഉപദേശം കെട്ട് അവന്‍ പോയി അച്ഛന്റെ വാതിലില്‍ മുട്ടി , ദൂരെ നിന്നു മറഞ്ഞു നിന്നു നോക്കി ഞാനും . 10 മിനിട്ടുശേഷം വാതില്‍ തുറന്നു , 2 പേരും അകത്തോട്ടു കയറി , അകത്തു പൊട്ടലും ചീറ്റലും , 10 മിനിട്ടു കഴിഞ്ഞു പോയതിന്റെ ഇരട്ടി കരച്ചിലുമായി ജയേഷ്‌ തിരിച്ചെത്തി . മുറിയില്‍ നിന്നും ഇറങ്ങി പോയില്ലെങ്ങില്‍ പോലീസ് ഇനെ വിളിക്കും എന്ന് അച്ഛന്‍ പറഞ്ഞത്രേ !!!! ഇനി രക്ഷ ഇല്ല . അടുത്ത ദിവസം രാവിലെ ഒന്നിച്ചു വീട്ടില്‍ പോകാം എന്ന തീരുമാനത്തില്‍ അവനെ ഉറങ്ങാന്‍ വിട്ടു . അര മണിക്കൂര്‍ കഴിഞ്ഞു വാതിലില്‍ ഒരു മുട്ടു , ജയേഷ്‌ ആണ് , ഷേവ് ചെയ്യാന്‍ ഒരു ബ്ലേഡ് വേണമത്രേ . രാവിലെ പോകേണ്ടതല്ലേ ... ഞാന്‍ കയ്യിലിരുന്ന gillette ready shaver ഒരെണ്ണം എടുത്തു കൊടുത്തു .. അപ്പോള്‍ അവന് നോര്‍മല്‍ ബ്ലേഡ് വേണം , എന്റെ കയ്യില്‍ ആണെങ്കില്‍ അതില്ല താനും . നിരാശന്‍ ആയി അവന്‍ തിരിച്ചു പോയി . ഞാന്‍ വീണ്ടും കിടക്കയിലേക്ക് വീണു . പെട്ടെന്ന് മനസ്സില്‍ ഒരു വെള്ളിടി വെട്ടി ,,, ഈശ്വരാ എന്താ ഇവന്റെ ഉദ്ദേശ്യം !!!!! ഭാവന യില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഒരു വെളുത്ത കൈ ഞരമ്പ്‌ !!!! കതകു തുറന്നു ഓടി ജയേഷ്‌ ഇന്റെ മുറിയുടെ മുന്നിലെത്തി . അകത്തു ലൈറ്റ് ഉണ്ട് . കതകു മുട്ടാന്‍ ഒരു മടി . ഇനി അവന്‍ വെറുതെ ഇരുന്നു ഷേവ് ചെയ്യുവാനെങ്ങിലോ . അടുത്ത മുറി സജിത്ത് ഇന്റെതാണ് , അവന്‍ മുറിയില്‍ ഇല്ല . കതകിനു മുകളില്‍ തപ്പി നോക്കി , താക്കോല്‍ അവിടെ ഉണ്ട് , കതകു തുറന്നു കയറി , ബുക്ക് ഷെല്‍ഫ് ഇന്റെ വിടവിലൂടെ ജയേഷ്‌ ഇന്റെ മുറിയിലേക്ക് നോക്കി . ഒരു മഞ്ഞ ബക്കറ്റു നിറയെ വെള്ളം , കുറെ പഴയ ബ്ലേഡ് കള്‍ (ബാത്ത് റൂം ഇല്‍ നിന്നും ശേഖരിചിട്ടുണ്ടാകും ) , പിന്നെ 5 -6 ഷൂ ലേസുകള്‍ കൂട്ടി കെട്ടി വച്ചിരിക്കുന്നു . സംഗതി മറ്റവന്‍ തന്നെ . എന്ത് ചെയ്യണം എന്ന് മനസ്സിലാകുന്നില്ല . അവന്റെ കതകിനു ഇടിച്ചിട്ട്‌ കാര്യം ഇല്ല. മരിക്കാന്‍ തീരുമാനിച്ചവനോട് ഞാന്‍ എന്ത് പറയാന്‍ . നേരെ അച്ഛന്റെ മുറിയിലേക്കോടി . അച്ഛനോട് കാര്യം പറഞ്ഞു . അടുത്ത ദിവസം കോളേജ് ഹോസ്റ്റല്‍ ഇല്‍ ഒരാള്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞാല്‍ തിരു സഭക്കുണ്ടാകുന്ന നാണക്കേട്‌ ഓര്‍ത്തപ്പോള്‍ അച്ഛന്‍ മനുഷ്യന്‍ ആയി . ജയേഷ്‌ ഇന്റെ മുറിയിലേക്ക് ഓടിയെത്തി അവനെയും കൊണ്ടു അച്ഛന്റെ മുറിയിലേക്ക് തിരിച്ചു പോയി . ഒരു അര മണിക്കൂറിനു ശേഷം ജയേഷ്‌ മുറിയില്‍ തിരിച്ചെത്തി , അച്ഛന്റെ മനസ്സു മാറിയത് അറിയിച്ചു .. suspension പിന്‍ വലിച്ചത്രേ !!! അവന്‍ ഹാപ്പി , ഞാനും ഹാപ്പി . നടന്ന കാര്യങ്ങള്‍ ഒന്നും ഞാന്‍ പറയാന്‍ നിന്നില്ല . സമാധാനത്തോടെ ഉറങ്ങാന്‍ പോയി . സമാധാനം അധികം നീണ്ടു നിന്നില്ല . രാവിലെ അച്ഛന്‍ മുറിയിലേക്ക് വിളിപ്പിച്ചു . അവിടെ ജയേഷ്‌ ഇന്റെ അച്ഛനും അമ്മയും ജയെഷും . ഉടനെ ജയേഷ്‌ ഇനെ പുറത്താക്കുക ആണ് പോലും . ആത്മഹത്യ പ്രവണത ഉള്ള ഒരു പയ്യനെ കോളേജ് ഇല്‍ പഠിപ്പിക്ക്കാന്‍ പറ്റില്ല അത്രേ . എല്ലാത്തിനും ഞാന്‍ ആണ് തെളിവ്‌ എന്ന് ആ കാപാലികന്‍ പറഞ്ഞപ്പോള്‍ അടുത്ത് എവിടെ എങ്ങിലും ഒരു കോടാലി ഉണ്ടായിരുനനെങ്കില്‍ പള്ളിയിലച്ചനെ വെട്ടി കൊന്ന കേസ് ഇല്‍ ഞാന്‍ ഇപ്പോള്‍ ജയില്‍ ഇല്‍ കിടന്നേനെ . ജയേഷ്‌ ഇന്റെ അച്ഛനും അമ്മയ്ക്കും അവന്‍ ആ കോളേജ് ഇല്‍ വീണ്ടും തുടരുന്നതില്‍ താത്പര്യം ഉണ്ടായിരുന്നില്ല . 3 പേരും കരഞ്ഞു കൊണ്ടിറങ്ങി പോകുന്നത് ഇപ്പോളും കണ്മുന്‍പില്‍ കാണാം .
അതായിരുന്നു അവസാനം . പിന്നീട് പലപ്പോഴും തമ്മില്‍ കണ്ടെങ്ങിലും അവന്‍ എന്നില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ടിരുന്നു . അവന്റെ മനസ്സില്‍ ഞാന്‍ അവനെ കാട്ടികൊടുത്ത ഒരു യുദാസ് ആണോ എന്തോ ??വര്ഷം ഇത്രയും കഴിഞ്ഞു . എല്ലാവരും എല്ലാം മറന്നും കഴിഞ്ഞു . ജയേഷ്‌ ഇന് bangalore ഇല്‍ ഏതോ കമ്പനി ഇല്‍ ജോലി കിട്ടി , കല്യാണവും കഴിഞ്ഞു . ഇപ്പോള്‍ സകുടുംബം Dubai ക്ക് പോകുന്നു . ഇനി കാണുമ്പോള്‍ ഒരു കാര്യം ചോദിക്കണം "എന്തായിരുന്നു കൂട്ടുകാരാ ഞാന്‍ ചെയ്ത തെറ്റ് ? "

Wednesday, April 16, 2008

Is this based on a true story :-(

കഥാനായകന്‍ ഫ്രം ബീഹാര്‍ . പുള്ളിക്കാരനും ഞാനും എന്റെ ഒരു ഫ്രണ്ട് ഫ്രം ഒറിസ യും കൂടി 2007 Feb ഇല്‍ ഒരു ട്രിപ്പ്‌ പോയി . വാഷിങ്ങ്ടന്‍ ഡി സി യിലേക്ക് . ആദ്യദിവസം ഗംഭീരം ആയി പോയി . Lincoln Memorial, National World War II Memorial, Korean War Veterans Memorial, Vietnam Veterans Memorial , Washington monument , Whitehouse ആകെ ജഗപോക. എല്ലാം കഴിഞ്ഞു ഹോട്ടല്‍ ഇല്‍ പോയി കിടന്നു , രാവിലെ എണീറ്റു പോകാന്‍ ഉള്ള ലിസ്റ്റ് ഉണ്ടാക്കിയിട്ട് . രാവിലെ 8 മണിക്ക് എണീറ്റപ്പോള്‍ 3 അടി snow :-( . മഞ്ഞു പെയ്തു കൊണ്ടേ ഇരിക്കുന്നു . ഈ മഞ്ഞത്ത് ഡ്രൈവിങ്ങ് അല്പം കട്ടിയാ . ശരി , ഒരു സിനിമ കണ്ടു കളയാം . ചാനല്‍ ഉകള്‍ പരതി king kong കണ്ടെത്തി . ഞാനും ഒറിസ ക്കാരനും വിശാലമായി king kong കാണാന്‍ തുടങ്ങി . കുറച്ചു കഴിഞ്ഞു നമ്മുടെ ബീഹാറി ഉണര്‍ന്നു , TV യില്‍ കണ്ട കാഴ്ച കണ്ടു പുള്ളി ഞെട്ടി . ഒരു കുരങ്ങന്‍ മരം പിഴുതെറിയുന്നു , കെട്ടിടങ്ങള്‍ തട്ടി പൊളിക്കുന്നു .. കുറെ നേരം കൂടി പുള്ളി അന്തം വിട്ടു , വായും പൊളിച്ചു TV യിലേക്ക് നോക്കിയിരുന്നു . King Kong കണ്ടു under pressure ആയ ബീഹാറി യെ കണ്ടു ഞങ്ങള്‍ under pressure ആയി . ഒരു 5 മിനിട്ടു കഴിഞ്ഞാണ് പുള്ളി ആ പൊളിച്ച വായ ഒന്നു അടച്ചത് . വീണ്ടും പൊളിച്ചു ഞങ്ങളുടെ നേരെ തിരിഞ്ഞു ഒരു ചോദ്യം --- "Is this based on a true story ?"

Tuesday, April 15, 2008

പോകല്ലേ ഞാനുമുണ്ട്

ആപ്പിസില്‍ നിന്നും 7 മിനിട്ടു കഴിയുമ്പോള്‍ ഇറങ്ങണം !! ഈ പരിപാടി എങ്ങനെ ഉണ്ട് എന്ന് ഒന്നു അറിയണം അല്ലോ !!! നാളെ മുതല്‍ വിശാലം ആയിട്ട് തുടങ്ങാം